Friday 24 October 2008

വിദ്യാഭാസം

ക്ലാസ്സിൽ സ്ഥിരമായി എത്താതിരുന്നകാരണത്താൽ, കിൻഡർഗർട്ടനിൽ പഠിക്കുന്ന അലോക ഗുപ്ത എന്ന അഞ്ചുവയസ്സുള്ള കുഞ്ഞിനെ, സ്കൂളധികൃതർ 50 മീറ്ററൊളം കെട്ടിവലിച്ചിഴച്ചു. രണ്ടു മണിക്കൂറോളം കുട്ടി ആരും സഹായിക്കാൻ ഇല്ലാതെ തളർന്നുകിടന്നു. ഉത്തരപ്രദേശിൽ ലക്നൗവിൽ നിന്നും അകന്ന് റിയോറിയ ജില്ലയിൽ ബാഗുചാഗട്ട്‌ ഗ്രാമത്തിലാണ്‌ സംഭവം...

ഗുരു - അജ്ഞതയുടെ ഇരുളിനെ മുറിച്ച്‌ നീക്ക‍ീ പ്രകാശത്തിന്റെ ജ്ഞാനം പകർന്നു നൽകേണ്ടവൻ...

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ
ഗുരുർദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവ നമഃ

പരബ്രഹ്മവും ജീവിതബ്രഹ്മവും സ്വാർഥമാക്കുന്ന ശക്തിയാണ്‌ ഗുരു.

ഭാരതത്തിൽ ഒരിക്കൽ ജ്ഞാനപരിജ്ഞാനം ഗുരുകുലവിദ്യാഭ്യാസരീതിയിൽ ആയിരുന്നു.തന്റെ അറിവ്‌ തനിക്കൊപ്പം ഒരു കുടുംബംപോലെ വസിക്കുന്ന ശിഷ്യഗണത്തിന്‌ പ്രതിഫലേഛയില്ലാതെ പകർന്നു നൽകുന്ന ഗുരുക്കന്മാരും സമർപ്പിതജീവിതചര്യക്കൊപ്പം അറിവിനെ ദൈവമുഖത്തുനിന്നെന്നപോലെ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥിക്കളും.അതായിരുന്നു നമ്മുടെ പാരമ്പര്യം.

ഇന്ന് അതൊരു കച്ചവടമായി തരം താഴ്‌ന്നിരിക്കുന്നു.അദ്ധ്യാപകർക്ക്‌ ഇന്ന് അതൊരു തൊഴിൽമാത്രമായി മാറിയിരിക്കുന്നു.ഒരു കുരുന്നിന്റെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രേരകമാവുകയും പ്രേരണനൽകുകയും ചെയ്യേണ്ട വ്യക്തിത്വമാണ്‌ അദ്ധ്യാപകന്‌ വേണ്ടത്‌. അദ്ധ്യാപനം ഒരു ജീവിതചര്യയാണ്‌. വിദ്യാർത്ഥികൾക്കായി ഉഴിഞ്ഞുവെയ്ക്കേണ്ട ഒരു തപസ്യയാണ്‌ അത്‌. ആത്മാർപ്പണം ചെയ്ത ആദ്ധ്യാപകർക്ക്‌ മഹനീയ വ്യക്തികളെയും സമൂഹത്തേയും അതിലൂടെ രാഷ്ട്രത്തേയും രൂപപ്പെടുത്തുവാൻ ആവുമെന്നതിനാൽ അത്‌ ഒരു മഹനീയ പദവിയാണ്‌.

ഇന്ന് വഴിതെറ്റി എത്തപ്പെട്ടവരും ചിലസാഹചര്യങ്ങളാൽ അദ്ധ്യാപകവേഷം അണിയേണ്ടിവന്നവരും ഏറിയതിനാൽ, സിലബസ്സിനപ്പുറമുള്ളതൊന്നും വിദ്യാർത്ഥികൾക്കായി പകർന്നുനൽകാൻ അവർക്ക്‌ താൽപര്യം ഉണ്ടാകാറില്ല. വിദ്യാർത്ഥിക്ക്‌ അദ്ധ്യാപകരെ സ്വജീവിതത്തിൽ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയായി ഹൃദയത്തിൽ പ്രതിഷ്ഠിക്കാനും ആവുന്നില്ല.

വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ ശിഷ്യഗണത്തിനുമുമ്പിൽ അദ്ധ്യാപകന്റെ ഗളഛേദനം നടക്കുന്നു. വിദ്യാഭ്യാസചർച്ചകളിൽ അദ്ധ്യാപകർ അദ്ധ്യാപകരുടെ കരങ്ങളാൽ മർദ്ദനമേറ്റ്‌ മരണപ്പെടുന്നു.ക്രൂരതയിൽ സായൂജ്യം തേടുന്ന അദ്ധ്യാപകരിൽനിന്നും മാനസികവും ശാരീരികവുമായ പീഡകൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾ പിടയുന്നു. വിദ്യാർത്ഥികളാൽ വിദ്യാധായകരും അവഹേളിക്കപ്പെടുന്നു...ഈ പോക്ക്‌ തുടർന്നാൽ മൂല്യച്യൂതിവന്ന ഒരു രാഷ്ട്രവും വഷളന്മാരുടെ ഒരു സമൂഹവുമായിരിക്കും ഭാവിയിൽ ഇവിടെ ഉണ്ടാവുക.

സ്വാർത്ഥമോഹത്താൽ ശിഷ്യരുടെ പെരുവിരൽ അറുത്തെടുക്കുന്ന ഗുരുക്കന്മാരും, പണത്തിന്റെ കിലുക്കത്തിനായി വിദ്യയും ഗുരുവിനെയും ഒറ്റിക്കൊടുത്തിട്ട്‌ ജീവിതനൈരാശ്യത്തിന്റെ കഴുവിലേറി ഒടുങ്ങുന്ന ശിഷ്യരും ഇന്ന് പെരുകിവരുന്നു..
എവിടെയാണ്‌ നമ്മുക്ക്‌ പിഴവുകൾ പിണഞ്ഞതെന്ന് പുനർചിന്തനം നടത്തേണ്ടിയിരിക്കുന്നു. മാതാപിതാഗുരു ദൈവം എന്ന് ഉരുവിട്ട്‌ പഠിച്ചിരുന്ന സംസ്ക്കാരം തകരാതിരിക്കട്ടെ... വിദ്യാഭ്യാസം വെറും ആഭാസമായി അധഃപതിക്കാതിരിക്കട്ടെ....

Sunday 12 October 2008

വർണ്ണ ദൈവങ്ങൾ

ക്ഷേത്രത്തിൽ പ്രവേശിച്ചതിന്‌ ബീഹാറിൽ ദളിതനെ വെടിവെച്ചുകൊന്നു.

നളന്ദ ജില്ലയിൽ ജിയാർ ഗ്രാമത്തിലെ ദുർഗ്ഗാക്ഷേത്രത്തിൽ പ്രസാദം വങ്ങാൻ എത്തിയ കുരു പസ്വാൻ ആണ്‌ മേൽജാതിക്കാരുടെ വെടിയേറ്റ്‌ മരിച്ചത്‌.

ദേവാലയങ്ങളിൽ പോലും വർണ്ണവിവേചനം... ഏതെങ്കിലും ദൈവം ഇത്‌ പൊറുക്കുമോ? ദൈവത്തെ പോലും സവർണ്ണനെന്നും അവർണ്ണനെന്നും തരം തിരിക്കുന്നവർ ആരാധന നടത്തുന്നതിൽ എന്താണ്‌ അർത്ഥമുള്ളത്‌?

വൈക്കം സത്യാഗ്രഹവും, ശ്രീനാരായണഗുരുവിന്റെ ഈഴവ ശിവപ്രതിഷ്ഠയും, അംബേദ്ക്കറുടെ നേതൃത്വത്തിൽ മഹറുകളുടെ ബുദ്ധമത സ്വീകരണവും ഒക്കെ നടന്നത്‌ ഈ വിവേചനത്തിനെതിരെ ആയിരുന്നു. ജീവിതത്തിന്റെ കഷ്ടതയിൽ തളർന്നുവീഴുന്ന മനുഷ്യന്‌ ദൈവത്തെയെങ്കിലും ഒന്ന്‌ ഉറക്കെ വിളിക്കുന്നതിനും മനമുരുകി ഒന്നു പ്രാർത്ഥിക്കുന്നതിനുവേണ്ടീ.... മനുഷ്യന്റെ ആ അവകാശത്തെ പോലും വർണ്ണത്തിന്റെ പേരിൽ നിഷേധിക്കുന്ന അധഃമരെ മനുഷ്യൻ എന്ന്‌ ഗണത്തിൽ പെടുത്താൻ ആവുമോ?.


ആധുനിക ഇന്ത്യ ചന്ദ്രനിലേയ്ക്ക്‌ കുതിക്കുമ്പോൾ, ഗ്രാമകിണറ്റിൽ നിന്നും കുടിക്കാൻ വെള്ളം കോരി എന്ന കുറ്റത്താൽ ദളിതസ്ത്രീ നഗ്നയായി ജനമധ്യത്തിലൂടെ നടത്തപ്പെടുന്നു.ദേവിക്ഷേത്രത്തിൽ പ്രവേശിച്ച അവർണ്ണൻ വെടിയേറ്റ്‌ പിടയുന്നു. അധ്വാനത്തിന്‌ കൂലിചോദിക്കുന്നവൻ മർദ്ദിക്കപ്പെടുന്നു. ഗോഹത്യക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തപ്പെടുമ്പോഴും മറുവശത്ത്‌ മനുഷ്യക്കുരുതികൾ നടമാടുന്നു. മനുഷ്യന്‌ ഒരു മൃഗത്തിന്റെ പരിഗണന പോലും പലപ്പോഴും നമ്മുടെ ഈ മാതൃരാജ്യത്ത്‌ നിഷേധിക്കപ്പെടുന്നു.ഈ വാർത്തകൾ കേട്ട്‌ ലോകർ ചോദിക്കുന്നു "ഇന്ത്യക്കാർക്ക്‌ എങ്ങനെ ഇത്ര ക്രൂരർ ആകാൻ കഴിയും?"


സഹസ്രാബ്ദങ്ങളുടെ സംസ്ക്കാരം ഉള്ളവരെന്നഭിമാനിക്കുന്ന ഭാരതീയർ പുരോഗതിയിലോ ? അതോ അധോഗതിയിലോ?മതത്തിന്റേയും ജാതിയുടേയും വർണ്ണത്തിന്റേയും പാരതന്ത്ര്യത്തിൽ നിന്ന്‌ നാം ഇനി എന്ന്‌ സ്വാതന്ത്ര്യം പ്രാപിക്കും?


പുതുതലമുറയുടെ മനസ്സിലെങ്കിലും ഈ വിഷം ആരും കുത്തിവെക്കാതിരുന്നെങ്കിൽ....

Wednesday 1 October 2008

പോലീസ്‌ ശത്രുവോ മിത്രമോ ?

വിദേശരാജ്യങ്ങളിലേയ്ക്ക്‌ ഒന്നു കണ്ണോടിച്ചു നോക്കാം.
ആദ്യ ചിത്രത്തിൽ കാണുന്നത്‌ ഒരു പോലിസ്കാരനുമായി കുട്ടികൾ സൗഹൃദം പങ്കിടുന്നതാണ്‌.പോലീസ്‌ അവർക്ക്‌ വഴികാട്ടിയും, തിരക്കുള്ള സമയത്ത്‌ വഴിമുറിച്ച്‌ കടക്കാൻ സഹായിയും ഒക്കെ ആണ്‌.സ്കൂൾ കഴിഞ്ഞ്‌ മതാപിതാക്കളെ കാത്തു നിൽക്കുന്ന കൊചുകുട്ടികൾ അവർ എത്താൻ വൈകിയാൽ പോലീസുകരുടെ ഫോൺ ഉപയ്യോഗിച്ച്‌ അവരെ വിളിക്കുന്നത്‌ വളരെ പതിവുള്ള കാര്യമാണ്‌.
ജനങ്ങളോടുള്ള പോലീസുകാരുടെ സമീപനം വളരെമാന്യമാണ്‌. പോലീസ്‌ ഒരാളെ സമീപിച്ചാൽ ഉടനെ ആളെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്യും. ആളിന്റെ പേരിൽ എന്തെങ്കിലും നിയമലഘനം നടന്നിട്ടുണ്ടെങ്കിൽ അത്‌ വ്യക്തമാക്കും. പിഴ ഈടാക്കേണ്ടതാണെങ്കിൽ അപ്പോൾത്തന്നെ അത്‌ എഴുതിനൽകും. കസ്റ്റഡിൽ എടുക്കേണ്ടതാണെങ്കിൽ വിവരം ധരിപ്പിച്ച്‌ അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്യും. ഒ‍ാരോ പൗരനോടും അങ്ങേയറ്റം മന്യമായി ആണ്‌ പോലീസുകാരുടെ ഇടപെടൽ.ജനങ്ങളോടുള്ള കടമനിർവഹിക്കുന്നതിലും തൊഴിലിനോടുള്ള ആത്മാർത്ഥത പാലിക്കുന്നതിലും വളരെ നിഷ്ഠ ഉള്ളവരാണ്‌ അവിടങ്ങളിലെ പോലീസുകാർ...

ഇനി നമ്മുടെ നാട്ടിലേയ്ക്ക്‌ വരാം...
മഹോദരരോഗിയെ പോലെ കുടവയറും, (നെഞ്ചളവ്‌,തൂക്കം, ഉയരം, കായികശേഷി തുടങ്ങി എന്തെല്ലാം പ്രഹസനങ്ങളാണ്‌ ഉദ്യോഗാർത്ഥികളൊട്‌ നടത്തുന്നത്‌. പിന്നീട്‌ ഇത്‌ പാലിക്കപ്പെടുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും പരിശോധിക്കാറുണ്ടോ? എങ്കിൽ പലരേയും പിരിച്ചയക്കേണ്ടതായി വന്നേനെ...) കട്ടുകള്ളൻ വീരപ്പന്റെ മാതിരി കപ്പടമീശയും സദാ ചുവന്ന ഉണ്ടകണ്ണുകളുമായി, ഏതെങ്കിലും ഒരുവനെ പിടിച്ച്‌ കുനിച്ച്‌ നിറുത്തി കയ്ത്തരിപ്പും, നാക്ക്‌ വളച്ച്‌ കൊള്ളരുതായ്കകളെല്ലാം പറഞ്ഞ്‌ വായ്ത്തരിപ്പും മാറ്റുവാൻ പരതി നട്ക്കുന്ന ഭീകര ജന്തുക്കളാണ്‌ നമുക്ക്‌ പോലീസുകാർ. (അപവാദമായി വളരെ മാന്യൻമാരും വിരളമായി ഉണ്ട്‌... അവർ ക്ഷമിക്കുക...)
ഹോട്ടലുകളിൽ പണം കൊടുക്കാതെ ഭക്ഷിച്ചും, ബസ്സുകളിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്തും, കാണുന്നവരിൽ നിന്നെല്ലാം പണം പിടുങ്ങീ സ്വന്തം കീശവീർപ്പിച്ചും, വഴങ്ങാത്തവരുടെമേൽ കർത്തവ്യദുർവ്വിനയോഗംചെയ്തും മർദ്ദിച്ചും മദിച്ചും വാണ്‌ ജനങ്ങളെ ഞെക്കിപിഴിഞ്ഞ്‌ ചവച്ചരച്ച്‌ സേവിച്ചുകൊണ്ടിരിക്കുന്ന കാക്കിധാരികൾ...

ഇങ്ങനെ ഉള്ളവരിൽ നിന്നും ജനങ്ങൾ അകലം പാലിക്കുക സ്വഭാവികം മാത്രം. കള്ളൻമാരേക്കാൾ അവർ പോലീസിനെ ഭയക്കുന്നു.ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു. പോലിസ്‌ എന്തിന്‌ വേണ്ടി എന്ന് നാം മനസ്സിലാക്കണം.പോലീസുകാർ മോഷ്ടാക്കളുടെ കയ്യിൽ നിന്നു പോലും പങ്കുപറ്റി, കള്ളനും പോലീസും കളി കളിച്ച്‌, ജനങ്ങളെ ഇളിഭ്യരാക്കുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറികൊണ്ടിരിക്കുന്നു. രസീതുകൾ ഇല്ലാതെ പണവും ഡോക്യുമന്റുകളും പോലീസുകാർക്ക്‌ നൽകേണ്ട ആവശ്യമില്ല. പരിശോധനകൾക്ക്‌ ശേഷം ഡോക്യുമന്റുകൾ മടക്കിനൽകാൻ പോലീസുകാർ ബാധ്യസ്ഥരാണ്‌. ആരെങ്കിലും നമ്മുടെ പരാതികൾക്ക്‌, വേണ്ട പരിഗണന നൽകുന്നില്ല എങ്കിൽ അവർക്കും മുകളിൽ ഉള്ളവരെ സമീപിക്കാൻ നാം സന്നധർ ആകണം. അല്ലാതെ പാതിവഴിയിൽ അത്‌ ഉപേഷിക്കുകയല്ല വേണ്ടത്‌. പോലീസിനെ വഷളാക്കുന്നതിൽ ജനങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌.

ജനങ്ങൾ അവരുടെ അവകാശങ്ങൾ മനസ്സിലാക്കുന്നതിനും, പോലീസുകാർ ജനങ്ങളോടുള്ള അവരുടെ പ്രതിബദ്ധത പാലിക്കുന്നതിനും ഇനിയും എത്രനാൾ കാത്തിരിക്കണം ???...
കാക്കി ഇട്ടവരും ജനങ്ങളും തമ്മിലുള്ള അകലം അകന്ന്, സമൂഹവിപത്തിനെതിരെ ഒന്നുചേർന്ന് പരസ്പരം സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നിയമപാലകർ അത്‌ പാലിക്കുന്നതിലും പാലിപ്പിക്കുന്നതിലും നിഷ്ഠയുള്ളവർ ആകട്ടെ. അതിനായി പൗരധർമ്മങ്ങൾ ഹനിക്കപ്പെടാതിരിക്കട്ടെ....

"സത്യമേവ ജയതേ" എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അശോക ചിഹ്നം പതിപ്പിച്ച തൊപ്പികൾ തലയിൽ അണിഞ്ഞ്‌ അധർമ്മങ്ങൾ ചെയ്തുകൂട്ടുന്ന കാപാലികരായി നമ്മുടെ പോലീസുകാർ അധഃപതിക്കാതിരിക്കട്ടെ......

Tuesday 16 September 2008

നാട്ടുപൂക്കൾ

ഇത്‌ നമ്മുടെ കൊങ്ങിണിപൂവ്‌. നാട്ടിൽ അന്യമായികൊണ്ടിരിക്കുന്ന പുഷ്പിണി...
ഈ ഫോട്ടൊയിൽ കാണുന്ന പൂവ്‌ ഫിനാലെ ലിഗുറീയായിലെ ഒരു തെരുവിലെ പൂച്ചട്ടിയിൽ നിന്നും.
ഒരു പക്ഷേ ഈ കൊങ്ങിണി ലോകത്തെല്ലായിടത്തും കണ്ടേക്കാം. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത്‌ ഈ സസ്യം സർവ്വസാധാരണമായിരുന്നു.

ഒരിക്കൽ നമ്മുടെ മുറ്റത്തിന്‌ അലങ്കാരമായിരുന്ന ചെമ്പരത്തിയും,തുളസിയും,മന്ദാരവും,പിച്ചിയും,മുല്ലയും,നന്ത്യാർവട്ടവും,പുഷ്പരാജനും, എല്ലാം പല വിദേശസസ്യങ്ങൾക്കും വഴിമാറിക്കൊടുത്തിരിക്കുന്നു.എല്ലാസസ്യങ്ങളും നല്ലതുതന്നെ പക്ഷേ നമ്മുടേതായവയെ പടിയടച്ച്‌ പിണ്ഡം വെച്ചിട്ടാകരുത്‌ മറ്റുള്ളവയെ പ്രതിഷ്ടിക്കാൻ എന്നുമാത്രം.
നമ്മുടെ ചുറ്റുവട്ടത്തുള്ള പ്രകൃതിക്ക്‌ നമ്മുടെ സ്വഭാവത്തെതന്നെ സ്വാധീനിക്കാൻ കഴിയും എന്നുള്ളത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു പല നാടൻ ചെടികളും. അവയിൽ പലതും ഔഷധങ്ങളുമാണ്‌.അവയുടെ സൗരഭ്യം പോലും മനസ്സിനെ കുളിർപ്പിക്കാൻ കഴിവുള്ളതായിരുന്നു. ഒരു ചെറി പനിയോ, തലവേദനയോ വന്നാൽ അവയിൽ ചിലതിന്റെ നീരു കുടിക്കുകയോ നെറ്റിയിൽ അരച്ചിടുകയോ ചെയ്താൽ മതിയായിരുന്നു...
അതുപോലെ തന്നെ, ഈറൻ മുടിയിൽ തുളസ്സിക്കതിർച്ചൂടിയ നാടൻ പെണ്ണും,മുല്ലപ്പൂചൂടിയ മലയാളപ്പെൺകൊടിയും, കാളിദാസ ശാകുന്തളത്തിലെ വനജോത്സനയും, മുല്ലമൊട്ടുപോലെയുള്ള ദന്തനിരകളും, കമലാക്ഷിയും, പങ്കജാക്ഷനും, അരവിന്ദനും ഒക്കെ നമ്മുടെ പ്രതീകങ്ങളും പ്രതിബിംബങ്ങളും ആയിരുന്നു...
ഇന്ന്‌ നമ്മൾ നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികളെ കുറിച്ച്‌ ഒന്ന്‌ ചിന്തിച്ചു നോക്കു. അവയിൽ പലതും മരുന്നായി ഉപയോഗിക്കാൻ ആവില്ല എന്നതൊപോകട്ടെ,അതിന്റെ നീരോ കറയോ ഉള്ളിൽ ചെന്നാൽ ചിലപ്പോൾ ജീവൻ തന്നെ അപകടപ്പെട്ടേക്കാം.
വസന്തവും പൂക്കളും നഷ്ടപ്പെട്ട്‌ കൃത്രിമമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്‌, കടലാസ്പൂക്കൾകൊണ്ടും നിറം കലർത്തിയ ഉപ്പുപരലുകൾകൊണ്ടും പൂക്കളം ചമച്ച്‌ നാം പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു..

Tuesday 2 September 2008

ഗാർബേജും പൊതുസ്ഥലവും


A pretty Walk with a pet


ഈ ചിത്രത്തിലെ ആളുകളുടെ കയ്യിലുള്ള ചെയിനിൽ ചെറിയ ഒരു കൂട്‌ ബന്ധിച്ചിട്ടുണ്ട്‌ ശ്രദ്ധിക്കുക.(മൊബയിൽ ഫൊൺ ക്യാമറാ കൊണ്ട്‌ എടുത്തതിനാൽ അത്ര വ്യക്തമല്ല...ക്ഷമിക്കുക.)

വളർത്ത്‌ ജന്തുക്കളുമായി പൊതുസ്ഥലങ്ങളിലൂടെ പോകുമ്പോൾ വിവേകമില്ലാത്ത ആ ജന്തുക്കൾ അവിടിവിടങ്ങളിൽ വിസ്സർജ്യം ചെയ്യാൻ സാധ്യത ഉണ്ട്‌. അത്‌ നീക്കം ചെയ്ത്‌ ഗാർബേജ്ജ്‌ ബിന്നിൽ കൊണ്ടുചെന്ന് ഇടുക എന്നത്‌ ഉടമസ്ഥരുടെ കടമയാണ്‌. അതിനുവേണ്ടിയാണ്‌ ആ ചെറിയ കൂട്‌ വളർത്തു ജന്തുക്കളുടെ ചെയിനിനോടൊപ്പം കരുതിയിരിക്കുന്നത്‌. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത്‌ ഓരൊരുത്തരുടേയും കടമയാണ്‌. പൊതുസ്ഥലങ്ങളിൽ എന്തെങ്കിലും നിക്ഷേപിക്കുന്നതിനോ, തുപ്പുവാൻ പോലുമോ പാടുള്ളതല്ല. ഇത്‌ ഒട്ടുമിക്ക വികസിത രാജ്യങ്ങളിലേയും അലിഖിത നിയമമാണ്‌.

ഇനി നമ്മുടെ നാട്ടിലേയ്ക്ക്‌ ഒന്നു നോക്കാം.

നാം രണ്ടും മൂന്നും നേരം കുളിക്കും,നല്ല വസ്ത്രങ്ങൾ ധരിക്കും, വീട്‌ അടിച്ചും കഴുകിയും വൃത്തിയാക്കും. വീടിന്റെ പരിസരം വിട്ടുകഴിഞ്ഞാൽ പിന്നുള്ളതെല്ലാം നമുക്ക്‌ ഗാർബേജ്‌ നിക്ഷേപിക്കാനുള്ള സ്ഥലങ്ങളാണ്‌. വീട്ടിലുള്ള സകല വെയ്സ്റ്റും നാം വഴികളിൽ നിക്ഷേപിക്കുന്നു.പൊതുസ്ഥലങ്ങൾ ആണെങ്കിൽ,സിഗരറ്റ്കുറ്റികൾകൊണ്ടൂം,മിഠായികടലാസ്കൊണ്ടും,പാന്മസ്സാല തുപ്പലുകൾകൊണ്ടും അലങ്കരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നാം രാജ്യം മുഴുവൻ ഗാർബേജ്‌ ബിന്നാക്കി മാറ്റുന്നു. രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നു...



എന്തിനും ഏതിനും പോലീസ്സിനേയും സർക്കാരിനേയും കുറ്റം പറയാതെ, നമ്മുക്കും അല്‌പം ശ്രദ്ധിക്കാൻ കഴിയില്ലേ?

Sunday 31 August 2008

ദേവപ്രീതി

ഇന്ന് റായി ഊനോയിൽ കാണിച്ച, കഴിഞ്ഞ ആഴ്ചയിലെ ലോകസംഭവത്തിൽ ഇന്ത്യയിൽനിന്നുള്ള ഒരു വർത്ത.

ശിവപ്രീതിക്കായി, കർണ്ണാടകയിലെ ബഗൽ കോട്ട്‌ ജില്ലയിൽ 41 കാരൻ വലതു കണ്ണ്‌ ചൂഴ്‌ന്നെടുത്ത്‌ ദിവ്യ സ്വാമിയുടെ കണ്മുന്നിൽ വച്ചു.വിവരമറിഞ്ഞെത്തിയ ജനക്കൂട്ടം ഇയാളെ രക്ഷിക്കുന്നതിനു പകരം, ഭഗവന്റെ അവതാരമണെന്നു പറഞ്ഞ്‌ പൂജിക്കാനും പാദങ്ങളിൽ വീണ്‌ നമസ്ക്കരിക്കാനും തുടങ്ങി.തുടർന്ന് ഇടതു കണ്ണും ചൂഴ്‌ന്നെടുക്കാൻ തുനിഞ്ഞ അയാളെ പോലീസ്‌ ഇടപെട്ട്‌ ആശുപത്രിയിലാക്കി.....

ആ മനുഷ്യൻ,കണ്ണൂകൾ കാഴ്ചയില്ലാത്ത ഒരാൾക്ക്‌ നൽകിയിരുന്നു എങ്കിൽ അതൊരു പുണ്യമായേനെ. ഒരാൾക്ക്‌ ആ കണ്ണിലൂടെ ലോകത്തെ കാണുവാൻ ആകുമായിരുന്നു. ദൈവവും പ്രീതനായേനെ. ഇതിപ്പോൾ ആ മനുഷ്യനു തന്നെ ദോഷവും, മറ്റാർക്കും പ്രയോജനവും ഇല്ലാതായില്ലേ ?

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എന്നാണ്‌ നമ്മുടെ ഈ നാട്ടിൽ നിന്നും ഒഴിഞ്ഞുമാറുക ???

Tuesday 26 August 2008

വീണ്ടും കിരാതത്വത്തിലേയ്ക്ക്‌....

ഒറീസ്സയിൽ ഒരു സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നു...
ലോകമധ്യമങ്ങളിൽ എല്ലാം, ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്ന വാർത്ത.

ഭാരതാബേ, നിനക്ക്‌ വീണ്ടും ലോകത്തിന്റെ മുമ്പിൽ ലജ്ജിച്ചു തലതാഴ്ത്താം...
ആർഷസംസ്ക്കാരത്തിൽ ഊറ്റംകൊണ്ടിരുന്ന നിനക്ക്‌,
ഇനി അധഃപതനത്തെ ഓർത്തോർത്ത്‌ കേഴാം...
അഹിംസയുടെ ബുദ്ധമത തത്വങ്ങൾ ലോകമെങ്ങും പ്രചരിപ്പിച്ച,
അശോകന്റ്‌ കലിഗാ രാജ്യത്തിതാ വീണ്ടും കിരാത നൃത്തം തുടങ്ങിയിരിക്കുന്നു....
രക്തക്കൊതി പൂണ്ട നരഭോജികൾ വീണ്ടും നരമാംസം ചുട്ടുതിന്നാൻ വട്ടം കൂടിയിരിക്കുന്നു...
അഹിംസയുടെ പ്രവാചകാ രാഷ്ട്രപിതാ ബാപ്പുജി,
നിന്റെ ശേഷിച്ച ആ ഒറ്റമുണ്ട്‌ കൂടി ഇതാ ഉരിഞ്ഞു പോകുന്നു....
ഇനിയെന്ന് മാറും ഈ കലിയുഗം ?
അവതാരം ആരും വരിക്കാത്തതെന്തേ ?
മാറ്റുവാൻ ആരും തുനിയാത്തതെന്തേ ?
ആരുടെ പ്രീതിക്കായ്‌ അർപ്പിപ്പൂ ഈ ഹോമങ്ങൾ അത്രയും?

കല്ലോ നിങ്ങടെ ഹൃദയങ്ങൾ...മണ്ണോ നിങ്ങടെ മനസാക്ഷി...
കോപിക്കേണ്ടത്‌ ആരോടാണ്‌ നാം...
ഇനിയും ഉറങ്ങുന്ന ദൈവങ്ങളോടോ,
അതോ കണ്ടിട്ടും കാണാത്ത അധികാര പരിക്ഷകളോടോ...

വിലപിക്കുക അല്ലാതെ നമുക്ക്‌ എന്തെങ്കിലും ഇതിനെതിരെ ചെയ്യാൻ ആവില്ലേ?
ഇത്‌ ഇന്ത്യയിലെ ആദ്യ സംഭവമല്ല. അവസാനത്തേതും ആകാൻ വഴിയില്ല...
ഗുജറാത്ത്‌,ഒറീസ്സ എന്നിങ്ങനെ സ്ഥലങ്ങൾ മാറുന്നു എന്ന്‌ മാത്രം... എന്തിന്റെ പേരിലായലും മനുഷ്യൻ കശാപ്പ്‌ ചെയ്യപ്പെടുന്നത്‌ ന്യായീകരിക്കാനാവില്ല...മതവും,രാഷ്ട്രീയവും അതിന്റെ അന്തസത്തയിൽ നിന്നും വ്യതിചലിക്കുന്നു എങ്കിൽ, അവ നിരോധിക്കുക തന്നെ വേണം എന്നാണ്‌, എന്റെ പക്ഷം... മനുഷ്യനന്മയ്ക്ക്‌ വേണ്ടി ഉള്ളവ ആയിരുന്നുവല്ലോ അവയെല്ലാം...

ഇന്ത്യയിൽ ഇനിയും ഇത്‌ ആവർത്തിച്ചുകൂടാ....രാഷ്ട്രീയ മുതലെടുപ്പ്‌ നിർത്തി ഭരണാധികാരികൾ കാര്യക്ഷമമായി എന്തെങ്കിലും ചെയ്തേ മതിയാകൂ. മതത്തിനും, ജാതിക്കും, രാഷ്ട്രീയത്തിനും ഉപരിയായി, നാമെല്ലാം മനുഷ്യരാണെന്നും ഇന്ത്യാക്കാർ ആണെന്നുമുള്ള അവബോധം ജനങ്ങൾക്കും ഉണ്ടാകണം....

ഇനി ഒരു തുള്ളി ചോരപോലും ഈ മണ്ണിൽ വീഴാതിരിക്കട്ടെ... (ഇതു കൂടി വായിക്കൂ..)

Friday 15 August 2008

കാത്തുനിൽക്കാതെ കൈകോർത്ത്‌ മുന്നേറിടാം

ഒരു 100 വർഷം പിന്നിലുള്ള അമേരിക്കയിലേയ്ക്ക്‌ ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണീച്ചു കൊള്ളുന്നു....This will boggle your mind, I know it did mine! The year is 1905. One hundred years ago. What a difference a century makes! Here are some of the U.S. statistics for the Year 1905 :
The average life expectancy in the U.S. was 47 years. Only 14 percent of the homes in the U.S. had a bathtub. Only 8 percent of the homes had a telephone. A three-minute call from Denver to New York City cost eleven dollars. There were only 8,000 cars in the U.S., and only 144 miles of paved roads. The maximum speed limit in most cities was 10 mph. Alabama, Mississippi, Iowa, and Tennessee were each more heavily populated than California. With a mere 1.4 million people, California was only the 21st most populous state in the Union. The tallest structure in the world was the Eiffel Tower! The average wage in the U.S. was 22 cents per hour. The average U.S. worker made between $200 and $400 per year . A competent accountant could expect to earn $2000 per year, a dentist $2,500 per year, a veterinarian between $1,500 and $4,000 per year, and a mechanical engineer about $5,000 per year. More than 95 percent of all births in the U.S. took place at home. Ninety percent of all U.S. doctors had no college education. Instead, they attended so-called medical schools, many of which were condemned in the press and by the government as "substandard." Most women only washed their hair once a month, and used borax or egg yolks for shampoo. Canada passed a law that prohibited poor people from entering into their country for any reason. Five leading causes of death in the U.S. were: 1. Pneumonia and influenza, 2. Tuberculosis, 3. Diarrhea, 4. Heart disease, 5. Stroke The population of Las Vegas, Nevada, was only 30!!! Crossword puzzles, canned beer, and ice tea hadn't been invented yet. There was no Mother's Day or Father's Day. Two out of every 10 U.S. adults couldn't read or write. Only 6 percent of all Americans had graduated from high school. Marijuana, heroin, and morphine were all available over the counter at the local corner drugstores. Back then pharmacist said, "Heroin clears the complexion, gives buoyancy to the mind, regulates the stomach and bowels, and is, in fact, a perfect guardian of health." (Shocking!) Eighteen percent of households in the U.S. had at least one full-time servant or domestic help. There were about 230 reported murders in the entire U.S. Try to imagine what it may be like in another 100 years.
ഇന്നത്തെ നമ്മുടെ ഇന്ത്യ ഇതിൽ നിന്നും ഒക്കെ ഏറെ മുന്നിലാണ്‌. ഇനിയും ഒരു നൂറ്‌ വർഷം കാത്തിരിക്കാതെ ഇന്ന് നമ്മുക്ക്‌ നമ്മുടെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആവില്ലേ???അനീതിയും അക്രമവും പാടെ തുടച്ചുനീക്കാൻ എളുതല്ലാ എങ്കിലും അതിനെതിരെ വിരൽ ചൂണ്ടാൻ എങ്കിലും നമുക്കാവില്ലേ?സർക്കാർ എല്ലാം ചെയ്യട്ടെ എന്നു പറഞ്ഞ്‌ കയ്യും കെട്ടി നോക്കിനിൽക്കാതെ, ജാതി മത രാഷ്ട്രിയത്തിന്‌ അതീതമായി, കൈകോർത്ത്‌ പ്രവർത്തിക്കാൻ നമുക്കാവില്ലേ?ഒറ്റയാൾ പട്ടാളം എന്നതിലുപരിയായി, പലതുള്ളി പെരുവെള്ളം എന്നതുപോലെ, അണ്ണാറക്കണ്ണനും തന്നാലാവുന്നത്‌ ചെയ്യാൻ കഴിയും...കഴിയണം....മൂല്യബോധമുള്ള ഏതൊരു ഇന്ത്യാക്കാരന്റേയും കടമയാണ്‌ അത്‌....
നമുക്ക്‌ ഇതിനെക്കുറിച്ച്‌ കൂടുതൽ ചർച്ചചെയ്യാം....