Tuesday 16 September 2008

നാട്ടുപൂക്കൾ

ഇത്‌ നമ്മുടെ കൊങ്ങിണിപൂവ്‌. നാട്ടിൽ അന്യമായികൊണ്ടിരിക്കുന്ന പുഷ്പിണി...
ഈ ഫോട്ടൊയിൽ കാണുന്ന പൂവ്‌ ഫിനാലെ ലിഗുറീയായിലെ ഒരു തെരുവിലെ പൂച്ചട്ടിയിൽ നിന്നും.
ഒരു പക്ഷേ ഈ കൊങ്ങിണി ലോകത്തെല്ലായിടത്തും കണ്ടേക്കാം. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത്‌ ഈ സസ്യം സർവ്വസാധാരണമായിരുന്നു.

ഒരിക്കൽ നമ്മുടെ മുറ്റത്തിന്‌ അലങ്കാരമായിരുന്ന ചെമ്പരത്തിയും,തുളസിയും,മന്ദാരവും,പിച്ചിയും,മുല്ലയും,നന്ത്യാർവട്ടവും,പുഷ്പരാജനും, എല്ലാം പല വിദേശസസ്യങ്ങൾക്കും വഴിമാറിക്കൊടുത്തിരിക്കുന്നു.എല്ലാസസ്യങ്ങളും നല്ലതുതന്നെ പക്ഷേ നമ്മുടേതായവയെ പടിയടച്ച്‌ പിണ്ഡം വെച്ചിട്ടാകരുത്‌ മറ്റുള്ളവയെ പ്രതിഷ്ടിക്കാൻ എന്നുമാത്രം.
നമ്മുടെ ചുറ്റുവട്ടത്തുള്ള പ്രകൃതിക്ക്‌ നമ്മുടെ സ്വഭാവത്തെതന്നെ സ്വാധീനിക്കാൻ കഴിയും എന്നുള്ളത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു പല നാടൻ ചെടികളും. അവയിൽ പലതും ഔഷധങ്ങളുമാണ്‌.അവയുടെ സൗരഭ്യം പോലും മനസ്സിനെ കുളിർപ്പിക്കാൻ കഴിവുള്ളതായിരുന്നു. ഒരു ചെറി പനിയോ, തലവേദനയോ വന്നാൽ അവയിൽ ചിലതിന്റെ നീരു കുടിക്കുകയോ നെറ്റിയിൽ അരച്ചിടുകയോ ചെയ്താൽ മതിയായിരുന്നു...
അതുപോലെ തന്നെ, ഈറൻ മുടിയിൽ തുളസ്സിക്കതിർച്ചൂടിയ നാടൻ പെണ്ണും,മുല്ലപ്പൂചൂടിയ മലയാളപ്പെൺകൊടിയും, കാളിദാസ ശാകുന്തളത്തിലെ വനജോത്സനയും, മുല്ലമൊട്ടുപോലെയുള്ള ദന്തനിരകളും, കമലാക്ഷിയും, പങ്കജാക്ഷനും, അരവിന്ദനും ഒക്കെ നമ്മുടെ പ്രതീകങ്ങളും പ്രതിബിംബങ്ങളും ആയിരുന്നു...
ഇന്ന്‌ നമ്മൾ നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികളെ കുറിച്ച്‌ ഒന്ന്‌ ചിന്തിച്ചു നോക്കു. അവയിൽ പലതും മരുന്നായി ഉപയോഗിക്കാൻ ആവില്ല എന്നതൊപോകട്ടെ,അതിന്റെ നീരോ കറയോ ഉള്ളിൽ ചെന്നാൽ ചിലപ്പോൾ ജീവൻ തന്നെ അപകടപ്പെട്ടേക്കാം.
വസന്തവും പൂക്കളും നഷ്ടപ്പെട്ട്‌ കൃത്രിമമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്‌, കടലാസ്പൂക്കൾകൊണ്ടും നിറം കലർത്തിയ ഉപ്പുപരലുകൾകൊണ്ടും പൂക്കളം ചമച്ച്‌ നാം പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു..

Tuesday 2 September 2008

ഗാർബേജും പൊതുസ്ഥലവും


A pretty Walk with a pet


ഈ ചിത്രത്തിലെ ആളുകളുടെ കയ്യിലുള്ള ചെയിനിൽ ചെറിയ ഒരു കൂട്‌ ബന്ധിച്ചിട്ടുണ്ട്‌ ശ്രദ്ധിക്കുക.(മൊബയിൽ ഫൊൺ ക്യാമറാ കൊണ്ട്‌ എടുത്തതിനാൽ അത്ര വ്യക്തമല്ല...ക്ഷമിക്കുക.)

വളർത്ത്‌ ജന്തുക്കളുമായി പൊതുസ്ഥലങ്ങളിലൂടെ പോകുമ്പോൾ വിവേകമില്ലാത്ത ആ ജന്തുക്കൾ അവിടിവിടങ്ങളിൽ വിസ്സർജ്യം ചെയ്യാൻ സാധ്യത ഉണ്ട്‌. അത്‌ നീക്കം ചെയ്ത്‌ ഗാർബേജ്ജ്‌ ബിന്നിൽ കൊണ്ടുചെന്ന് ഇടുക എന്നത്‌ ഉടമസ്ഥരുടെ കടമയാണ്‌. അതിനുവേണ്ടിയാണ്‌ ആ ചെറിയ കൂട്‌ വളർത്തു ജന്തുക്കളുടെ ചെയിനിനോടൊപ്പം കരുതിയിരിക്കുന്നത്‌. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത്‌ ഓരൊരുത്തരുടേയും കടമയാണ്‌. പൊതുസ്ഥലങ്ങളിൽ എന്തെങ്കിലും നിക്ഷേപിക്കുന്നതിനോ, തുപ്പുവാൻ പോലുമോ പാടുള്ളതല്ല. ഇത്‌ ഒട്ടുമിക്ക വികസിത രാജ്യങ്ങളിലേയും അലിഖിത നിയമമാണ്‌.

ഇനി നമ്മുടെ നാട്ടിലേയ്ക്ക്‌ ഒന്നു നോക്കാം.

നാം രണ്ടും മൂന്നും നേരം കുളിക്കും,നല്ല വസ്ത്രങ്ങൾ ധരിക്കും, വീട്‌ അടിച്ചും കഴുകിയും വൃത്തിയാക്കും. വീടിന്റെ പരിസരം വിട്ടുകഴിഞ്ഞാൽ പിന്നുള്ളതെല്ലാം നമുക്ക്‌ ഗാർബേജ്‌ നിക്ഷേപിക്കാനുള്ള സ്ഥലങ്ങളാണ്‌. വീട്ടിലുള്ള സകല വെയ്സ്റ്റും നാം വഴികളിൽ നിക്ഷേപിക്കുന്നു.പൊതുസ്ഥലങ്ങൾ ആണെങ്കിൽ,സിഗരറ്റ്കുറ്റികൾകൊണ്ടൂം,മിഠായികടലാസ്കൊണ്ടും,പാന്മസ്സാല തുപ്പലുകൾകൊണ്ടും അലങ്കരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നാം രാജ്യം മുഴുവൻ ഗാർബേജ്‌ ബിന്നാക്കി മാറ്റുന്നു. രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നു...



എന്തിനും ഏതിനും പോലീസ്സിനേയും സർക്കാരിനേയും കുറ്റം പറയാതെ, നമ്മുക്കും അല്‌പം ശ്രദ്ധിക്കാൻ കഴിയില്ലേ?