Sunday 12 October 2008

വർണ്ണ ദൈവങ്ങൾ

ക്ഷേത്രത്തിൽ പ്രവേശിച്ചതിന്‌ ബീഹാറിൽ ദളിതനെ വെടിവെച്ചുകൊന്നു.

നളന്ദ ജില്ലയിൽ ജിയാർ ഗ്രാമത്തിലെ ദുർഗ്ഗാക്ഷേത്രത്തിൽ പ്രസാദം വങ്ങാൻ എത്തിയ കുരു പസ്വാൻ ആണ്‌ മേൽജാതിക്കാരുടെ വെടിയേറ്റ്‌ മരിച്ചത്‌.

ദേവാലയങ്ങളിൽ പോലും വർണ്ണവിവേചനം... ഏതെങ്കിലും ദൈവം ഇത്‌ പൊറുക്കുമോ? ദൈവത്തെ പോലും സവർണ്ണനെന്നും അവർണ്ണനെന്നും തരം തിരിക്കുന്നവർ ആരാധന നടത്തുന്നതിൽ എന്താണ്‌ അർത്ഥമുള്ളത്‌?

വൈക്കം സത്യാഗ്രഹവും, ശ്രീനാരായണഗുരുവിന്റെ ഈഴവ ശിവപ്രതിഷ്ഠയും, അംബേദ്ക്കറുടെ നേതൃത്വത്തിൽ മഹറുകളുടെ ബുദ്ധമത സ്വീകരണവും ഒക്കെ നടന്നത്‌ ഈ വിവേചനത്തിനെതിരെ ആയിരുന്നു. ജീവിതത്തിന്റെ കഷ്ടതയിൽ തളർന്നുവീഴുന്ന മനുഷ്യന്‌ ദൈവത്തെയെങ്കിലും ഒന്ന്‌ ഉറക്കെ വിളിക്കുന്നതിനും മനമുരുകി ഒന്നു പ്രാർത്ഥിക്കുന്നതിനുവേണ്ടീ.... മനുഷ്യന്റെ ആ അവകാശത്തെ പോലും വർണ്ണത്തിന്റെ പേരിൽ നിഷേധിക്കുന്ന അധഃമരെ മനുഷ്യൻ എന്ന്‌ ഗണത്തിൽ പെടുത്താൻ ആവുമോ?.


ആധുനിക ഇന്ത്യ ചന്ദ്രനിലേയ്ക്ക്‌ കുതിക്കുമ്പോൾ, ഗ്രാമകിണറ്റിൽ നിന്നും കുടിക്കാൻ വെള്ളം കോരി എന്ന കുറ്റത്താൽ ദളിതസ്ത്രീ നഗ്നയായി ജനമധ്യത്തിലൂടെ നടത്തപ്പെടുന്നു.ദേവിക്ഷേത്രത്തിൽ പ്രവേശിച്ച അവർണ്ണൻ വെടിയേറ്റ്‌ പിടയുന്നു. അധ്വാനത്തിന്‌ കൂലിചോദിക്കുന്നവൻ മർദ്ദിക്കപ്പെടുന്നു. ഗോഹത്യക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തപ്പെടുമ്പോഴും മറുവശത്ത്‌ മനുഷ്യക്കുരുതികൾ നടമാടുന്നു. മനുഷ്യന്‌ ഒരു മൃഗത്തിന്റെ പരിഗണന പോലും പലപ്പോഴും നമ്മുടെ ഈ മാതൃരാജ്യത്ത്‌ നിഷേധിക്കപ്പെടുന്നു.ഈ വാർത്തകൾ കേട്ട്‌ ലോകർ ചോദിക്കുന്നു "ഇന്ത്യക്കാർക്ക്‌ എങ്ങനെ ഇത്ര ക്രൂരർ ആകാൻ കഴിയും?"


സഹസ്രാബ്ദങ്ങളുടെ സംസ്ക്കാരം ഉള്ളവരെന്നഭിമാനിക്കുന്ന ഭാരതീയർ പുരോഗതിയിലോ ? അതോ അധോഗതിയിലോ?മതത്തിന്റേയും ജാതിയുടേയും വർണ്ണത്തിന്റേയും പാരതന്ത്ര്യത്തിൽ നിന്ന്‌ നാം ഇനി എന്ന്‌ സ്വാതന്ത്ര്യം പ്രാപിക്കും?


പുതുതലമുറയുടെ മനസ്സിലെങ്കിലും ഈ വിഷം ആരും കുത്തിവെക്കാതിരുന്നെങ്കിൽ....

10 comments:

Anonymous said...

ബീഹാറിലെ കാര്യം അവിടെ നില്‍കട്ടേ....

ദളിതരോ??? അവരെ ഞങ്ങള്‍ വീട്ടില്‍ കയറ്റില്ലന്ന് പറയുന്ന മലയാളി സുഹ്രുത്തുകള്‍ എനിക്കു ഉണ്ട്‌...

അല്ല.. നമ്മളെ പോലെ ചോരയും, മാംസവുമുള്ള മനുഷ്യരല്ലേ അവരും?????

Suvi Nadakuzhackal said...

ഈയിടെ കോട്ടയത്ത്‌ വെച്ച് ഒരു തട്ട് കടയില്‍ ഭക്ഷണം കഴിച്ച ഓര്മ വരുന്നു. ഞാന്‍ മലയാളത്തില്‍ ചമ്മന്തി ചോദിച്ചതിനു വൃത്തിയായി മറുപടി പറഞ്ഞ നമ്മുടെ മലയാളിയായ തട്ട് കടയുടമ തന്നെ അവിടെ ദോശയ്ക്ക് രണ്ടാമത് ചമ്മന്തി ചോദിച്ച തമിഴനോട്‌ മോശമായി സംസാരിക്കുന്നത് കണ്ടു. അത് പോലെ തന്നെ കഴിഞ്ഞ ദിവസം കോട്ടയം ബസ്സ് സ്ടാണ്ടിലെ അന്വേഷണ വിഭാഗത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റുമോ എന്ന് അന്വേഷിച്ച ഒരു കന്നടക്കാരനോട് മോശമായി സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടു. ഈ വക ജാതി മത വര്‍ഗ വര്‍ണ വിവേചനങ്ങള്‍ ഒക്കെ നമ്മുടെ കേരളത്തിലും ധാരാളം ഉണ്ട്.

siva // ശിവ said...

ഇപ്പോഴും ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നുവെന്ന് അറിയുന്നതില്‍ വല്ലാത്ത വിഷമം തോന്നുന്നു....

Lathika subhash said...

“പല മത സാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതുകണ്ടലയാതമര്‍ന്നിടേണം”

ശ്രീ നാരായണഗുരു.
(ആത്മോപദേശ ശതകം)

കിഷോർ‍:Kishor said...

ജാതീയതയുടെ ക്രൂരത വടക്കേ ഇന്ത്യയില്‍ തെക്കുള്ളതിനേക്കാള്‍ കൂടുതലാണ്.

കേരളം തമ്മില്‍ ഭേദമാണെന്ന് തോന്നുന്നു. ഇത്തരം ബോധവല്‍ക്കരണത്തിലൂടെ സ്ഥിതിഗതികള്‍ മെച്ചെപ്പെടുമെന്നു വിചാരിക്കാം.

smitha adharsh said...

ഇതൊക്കെ അവസാനിക്കും എന്ന് നമുക്കു വെറുതെ ആഗ്രഹിക്കാം അല്ലെ?
നല്ല പോസ്റ്റ്.

Bindhu Unny said...

വിവേചനം എല്ലായിടത്തും എല്ലാ തരത്തിലും കാണാമെങ്കിലും ഇത് ഭയങ്കര ക്രൂരത തന്നെ

Kichu $ Chinnu | കിച്ചു $ ചിന്നു said...

dukhakaramaaya sathyangal

പിരിക്കുട്ടി said...

ithokke maarum oru naal
praying for it

അരുണ്‍ കരിമുട്ടം said...

കൂട്ടത്തില്‍ ആരെങ്കിലും വേണമല്ലോ ഇതൊക്കെ ചൂണ്ടി കാട്ടാന്‍.നല്ല പോസ്റ്റ്.