Thursday, 28 May 2009

മധുരം മലയാളം

ദില്ലിയിൽ അപ്പോളാ ആശുപത്രിയിൽ മലയാളം സംസ്സാരിച്ചു എന്ന കുറ്റം ചുമത്തി രണ്ടു നേഴ്സുമാരെ പിരിച്ചു വിട്ടു.

ലിഫ്റ്റിനു സ്മീപം യുവതികൾ മലയാളം സംസ്സാരിച്ചു എന്നു മാനേജുമന്റിനു പരാതി നൽകിയതാകട്ടെ മലയാളിയായ ഒരു മേലുദ്യോഗസ്ഥയും.

യൂറോപ്പിലേയും അമേരിക്കയിലേയും പല യൂണിവേഴ്സിറ്റികളിലും മലയാളം പഠിപ്പിക്കുന്നുണ്ട്‌. ഗൾഫുമേഖലയിൽ ആശുപത്രിപോലുള്ള പല പൊതുസ്ഥലങ്ങളിലും മലയാളത്തിലുള്ള നിർദ്ദേശങ്ങൾ കാണാം. ആ മലയാളഭാഷയ്ക്കു ജന്മദേശമായ ഇന്ത്യയിൽ വിലക്ക്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌ തികച്ചും വിരോധാഭാസമായിരിക്കുന്നു.

മലയാളം സംസ്സാരിക്കുന്നതു കുറച്ചിലായി കാണുകയും മറ്റു ഭാഷകളെ അതിനെക്കാൾ മികച്ചതായി ഗണിക്കുകയും ചെയ്യുന്ന അല്‌പജ്ഞാനികളായ ചില മലയാളികളും ഒരുപക്ഷേ ഉണ്ടായിരിക്കാം. അവരെ എല്ലാം ബോധവൽക്കരിക്കുക അത്ര എളുതുമല്ല...

ഇത്രയധികം സ്വരവിന്യാസമുള്ള ഭാഷ ലോകത്തുതന്നെ വിരളമാണ്‌ .മലയാളം സ്ഫുടമായി സംസ്സാരിക്കാൻ കഴിയുന്ന വ്യക്തിക്കു ലോകത്ത്‌ ഏതുഭാഷയും വഴങ്ങും. മലയാളികളുടെ ഈ ഭാക്ഷാനൈപുണ്യം പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്‌. വ്യാകരണത്തിലും പദാർത്ഥത്തിലും സംസ്കൃതഭാക്ഷയുമായി സാമ്യമുള്ള മലയാളഭാഷ ഒരു ബൗദ്ധികഭാഷയായി കണക്കാക്കുന്നു. സംസ്ക്കാരത്തിലും, വിദ്യാഭ്യാസത്തിലും,വ്യക്തിശുചിത്വത്തിലും മുമ്പിൽ നിൽക്കുന്ന മലയാളിയുടെ മുഖമുദ്ര അവന്റെ ഭാഷയാണ്‌. അതിനെ അവഹേളിക്കുന്നതും ശിക്ഷിക്കുന്നതും അഭിമാനമുള്ള ഒരു മലയാളിക്കും സഹിക്കാൻ ആവില്ല.


വർണ്ണവിവേചനത്തിൽനിന്നും ഭാഷവിദ്വേഷത്തിൽനിന്നും ഇന്ത്യ ഇനിയും സ്വാതന്ത്ര്യം പ്രാപിക്കേണ്ടിയിരിക്കുന്നു...


തുഞ്ചനും,കുഞ്ചനും വാഴ്ത്തിപ്പാടിയ മലയാളം, അമ്മിഞ്ഞപ്പാലിനൊപ്പം നമുക്കു പകർന്നു കിട്ടിയ ആ മധുരിക്കും മലയാളം, നമ്മുടെ മാതൃഭാഷയായ മലയാളം എങ്ങും അവഹേളിക്കപ്പെടുവാൻ പാടുള്ളതല്ല . ഓരോ മലയാളിക്കും അഭിമാനത്തോടെ പറയുവാനും പാടുവാനും, പരിലാളിക്കുവാനും, പരിപോഷിപ്പിക്കുവാനും ഉള്ളതാണ്‌ നമ്മുടെ മലയാളം....

മലയാളമില്ലെങ്കിൽ മലയാളി എന്ന വാക്കുത്തന്നെ അർത്ഥശൂന്യമല്ലേ???