ക്ലാസ്സിൽ സ്ഥിരമായി എത്താതിരുന്നകാരണത്താൽ, കിൻഡർഗർട്ടനിൽ പഠിക്കുന്ന അലോക ഗുപ്ത എന്ന അഞ്ചുവയസ്സുള്ള കുഞ്ഞിനെ, സ്കൂളധികൃതർ 50 മീറ്ററൊളം കെട്ടിവലിച്ചിഴച്ചു. രണ്ടു മണിക്കൂറോളം കുട്ടി ആരും സഹായിക്കാൻ ഇല്ലാതെ തളർന്നുകിടന്നു. ഉത്തരപ്രദേശിൽ ലക്നൗവിൽ നിന്നും അകന്ന് റിയോറിയ ജില്ലയിൽ ബാഗുചാഗട്ട് ഗ്രാമത്തിലാണ് സംഭവം...
ഗുരു - അജ്ഞതയുടെ ഇരുളിനെ മുറിച്ച് നീക്കീ പ്രകാശത്തിന്റെ ജ്ഞാനം പകർന്നു നൽകേണ്ടവൻ...
ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ
ഗുരുർദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവ നമഃ
പരബ്രഹ്മവും ജീവിതബ്രഹ്മവും സ്വാർഥമാക്കുന്ന ശക്തിയാണ് ഗുരു.
ഭാരതത്തിൽ ഒരിക്കൽ ജ്ഞാനപരിജ്ഞാനം ഗുരുകുലവിദ്യാഭ്യാസരീതിയിൽ ആയിരുന്നു.തന്റെ അറിവ് തനിക്കൊപ്പം ഒരു കുടുംബംപോലെ വസിക്കുന്ന ശിഷ്യഗണത്തിന് പ്രതിഫലേഛയില്ലാതെ പകർന്നു നൽകുന്ന ഗുരുക്കന്മാരും സമർപ്പിതജീവിതചര്യക്കൊപ്പം അറിവിനെ ദൈവമുഖത്തുനിന്നെന്നപോലെ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥിക്കളും.അതായിരുന്നു നമ്മുടെ പാരമ്പര്യം.
ഇന്ന് അതൊരു കച്ചവടമായി തരം താഴ്‌ന്നിരിക്കുന്നു.അദ്ധ്യാപകർക്ക് ഇന്ന് അതൊരു തൊഴിൽമാത്രമായി മാറിയിരിക്കുന്നു.ഒരു കുരുന്നിന്റെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രേരകമാവുകയും പ്രേരണനൽകുകയും ചെയ്യേണ്ട വ്യക്തിത്വമാണ് അദ്ധ്യാപകന് വേണ്ടത്. അദ്ധ്യാപനം ഒരു ജീവിതചര്യയാണ്. വിദ്യാർത്ഥികൾക്കായി ഉഴിഞ്ഞുവെയ്ക്കേണ്ട ഒരു തപസ്യയാണ് അത്. ആത്മാർപ്പണം ചെയ്ത ആദ്ധ്യാപകർക്ക് മഹനീയ വ്യക്തികളെയും സമൂഹത്തേയും അതിലൂടെ രാഷ്ട്രത്തേയും രൂപപ്പെടുത്തുവാൻ ആവുമെന്നതിനാൽ അത് ഒരു മഹനീയ പദവിയാണ്.
ഇന്ന് വഴിതെറ്റി എത്തപ്പെട്ടവരും ചിലസാഹചര്യങ്ങളാൽ അദ്ധ്യാപകവേഷം അണിയേണ്ടിവന്നവരും ഏറിയതിനാൽ, സിലബസ്സിനപ്പുറമുള്ളതൊന്നും വിദ്യാർത്ഥികൾക്കായി പകർന്നുനൽകാൻ അവർക്ക് താൽപര്യം ഉണ്ടാകാറില്ല. വിദ്യാർത്ഥിക്ക് അദ്ധ്യാപകരെ സ്വജീവിതത്തിൽ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയായി ഹൃദയത്തിൽ പ്രതിഷ്ഠിക്കാനും ആവുന്നില്ല.
വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ ശിഷ്യഗണത്തിനുമുമ്പിൽ അദ്ധ്യാപകന്റെ ഗളഛേദനം നടക്കുന്നു. വിദ്യാഭ്യാസചർച്ചകളിൽ അദ്ധ്യാപകർ അദ്ധ്യാപകരുടെ കരങ്ങളാൽ മർദ്ദനമേറ്റ് മരണപ്പെടുന്നു.ക്രൂരതയിൽ സായൂജ്യം തേടുന്ന അദ്ധ്യാപകരിൽനിന്നും മാനസികവും ശാരീരികവുമായ പീഡകൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾ പിടയുന്നു. വിദ്യാർത്ഥികളാൽ വിദ്യാധായകരും അവഹേളിക്കപ്പെടുന്നു...ഈ പോക്ക് തുടർന്നാൽ മൂല്യച്യൂതിവന്ന ഒരു രാഷ്ട്രവും വഷളന്മാരുടെ ഒരു സമൂഹവുമായിരിക്കും ഭാവിയിൽ ഇവിടെ ഉണ്ടാവുക.
സ്വാർത്ഥമോഹത്താൽ ശിഷ്യരുടെ പെരുവിരൽ അറുത്തെടുക്കുന്ന ഗുരുക്കന്മാരും, പണത്തിന്റെ കിലുക്കത്തിനായി വിദ്യയും ഗുരുവിനെയും ഒറ്റിക്കൊടുത്തിട്ട് ജീവിതനൈരാശ്യത്തിന്റെ കഴുവിലേറി ഒടുങ്ങുന്ന ശിഷ്യരും ഇന്ന് പെരുകിവരുന്നു..
എവിടെയാണ് നമ്മുക്ക് പിഴവുകൾ പിണഞ്ഞതെന്ന് പുനർചിന്തനം നടത്തേണ്ടിയിരിക്കുന്നു. മാതാപിതാഗുരു ദൈവം എന്ന് ഉരുവിട്ട് പഠിച്ചിരുന്ന സംസ്ക്കാരം തകരാതിരിക്കട്ടെ... വിദ്യാഭ്യാസം വെറും ആഭാസമായി അധഃപതിക്കാതിരിക്കട്ടെ....
നിര്ജ്ജീവം
14 years ago